Wednesday, June 2, 2010

ഓണ്‍ലൈന്‍ കൂട്ടായ്മ - അഡ്രസ്സുവേട്ട അതിരുകടക്കുമ്പോള്‍

Posted on: 04 May 2010

-അനില്‍

ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് പോലുള്ള സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്) സൈറ്റുകള്‍ അടുത്ത പരിചയക്കാരെ തിരഞ്ഞു പിടിച്ച് കൂട്ടുകാരാക്കാന്‍ നമ്മളോട് നിര്‍ദ്ദേശിക്കാറുണ്ട്. ഈ സൗകര്യം ചെയ്തുതരുന്ന സംവിധാനത്തോട് നമ്മളെല്ലാവരും നന്ദിയുള്ളവരുമാണുതാനും. എന്നാല്‍ സംഗതി അല്പം പിശകാണെന്നാണ് ജേണലിസം.കോ.യുകെ എന്ന ഓണ്‍ലൈന്‍ മാസിക നടത്തിയ പഠനം വ്യക്തമാക്കുന്നത്. നമ്മള്‍ സ്വകാര്യമായി വച്ചിരിക്കുന്ന വിവരങ്ങള്‍ അടിച്ചുമാറ്റിയാണ് ഇത്തരം കമ്പനികള്‍ സുഹൃത്തുക്കളെ കണ്ടുപിടിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് മാസിക കണ്ടെത്തിയത്. അഡ്രസ് ബുക്ക് ഇംപോര്‍ട്ടിംഗ് (എ ബി ഐ) എന്ന സംവിധാനമാണ് കൂട്ടുകാരെ തിരഞ്ഞുപിടിച്ച് നിര്‍ദ്ദേശിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളെ സഹായിക്കുന്നത്. അതായത് ഫെയ്‌സ്ബുക്കിലോ മറ്റോ അക്കൗണ്ട് എടുക്കുമ്പോള്‍ നമ്മുടെ മെയില്‍ അഡ്രസും പാസ്സ്വേര്‍ഡും ചോദിച്ചുവാങ്ങി അതിലെ വിവരങ്ങള്‍ ഇവര്‍ സ്വന്തമാക്കുന്നു. പിന്നീട് ഇവരുടെ ഫ്രണ്ട് ഫൈന്റര്‍ സംവിധാനം ഈ ഡാറ്റകള്‍ അപഗ്രഥിച്ചാണ് നമുക്ക് കൂട്ടുകാരെ തേടി തരുന്നത്. ഒരിക്കല്‍ ഇമെയില്‍ ചെയ്യാനാണ് അഡ്രസ് ബുക്ക് ചോദിക്കുന്നതെന്നു കരുതിയാല്‍ തെറ്റി. ഇവരുടെ ശേഖരത്തില്‍ എന്നും ആ ഇമെയില്‍ അഡ്രസ്സുകളും ഇവരുടെ വിവരങ്ങളുമുണ്ടാകും. അഡ്രസുബുക്കിലെ എല്ലാ വ്യക്തിപര വിവരങ്ങളും ഒപ്പം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ അംഗമാകുമ്പോള്‍ നമ്മള്‍ നല്‍കുന്ന വിവരങ്ങളും ശേഖരിച്ചുവെക്കും. ഇവയെല്ലാം പരിശോധിച്ച് ഒപ്പം നമ്മുടെ സുഹൃത്തുക്കള്‍ ആരൊക്കെയായി ചങ്ങാത്തം സ്ഥാപിക്കുന്നു എന്ന കാര്യം കൂടി കണക്കിലെടുത്താണ് നമുക്ക് നിര്‍ദ്ദേശം തരുന്നത്. ഇമെയിലിലേയും സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റിലേയും പ്രൈവസി പോളിസിയെ അപ്രസക്തമാക്കി സ്വകാര്യ വിവങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു, നിയമവിരുദ്ധമായി കോണ്‍ടാക്ട് അഡ്രസ്സുകള്‍ക്കൊപ്പമുള്ള സ്വകാര്യ വിവരങ്ങളും ശേഖരിക്കുന്നു, വ്യക്തിപരമായതുമാത്രമല്ല ഔദ്യോഗികമായ വിവരങ്ങള്‍ വരെ ദുരുപയോഗപ്പെടുത്തുന്നു - ഇവയാണ് മാസികയുടെ അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്ന കുറ്റങ്ങള്‍. എന്നാല്‍ എല്ലാം നമ്മുടെ സമ്മതത്തോടെയാണ് ചോദിച്ചു വാങ്ങുന്നതെന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കമ്പനികളുടെ പക്ഷം. ബാക്കി കാര്യങ്ങള്‍ അവരുടെ ബുദ്ധിയുപയോഗിച്ചുണ്ടാക്കിയ സംവിധാനങ്ങളുടെ (intelligent mechanism) കഴിവാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ സത്യത്തില്‍ ഫെയ്‌സ്ബുക്ക് പോലുള്ള ജനപ്രിയ കൂട്ടായ്മകളെക്കാള്‍ അഡ്രസ്സുവേട്ടക്കായി പുറത്തിറങ്ങിയ ചില വ്യാജ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളാണ് യഥാര്‍ത്ഥവില്ലന്മാര്‍. ഇക്കൂട്ടരെ നമ്മുടെ ഇന്‍ബോക്‌സ തപ്പിയാല്‍ കണ്ടുപിടിക്കാവുന്തേയുള്ളൂ. അവലബം : മാതൃഭൂമി

No comments: