Wednesday, June 2, 2010

24 മണിക്കൂറിനുള്ളില്‍ ഐപാഡിന്റെയും പൂട്ടുതുറന്നു!!

Posted on: 08 Apr 2010

-അനില്‍ ബാബു.എന്‍

പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍ ഐപാഡിനെയും ഹാക്ക് ചെയ്തു. കാലിഫോര്‍ണിയ സ്വദേശിയായ യുവാവാണ് ഐപാഡിന്റെ പൂട്ടുതുറന്ന് അംഗീകൃതമല്ലാത്ത മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ അതിനെ മാറ്റിയത്. വില്‍പന തുടങ്ങി 15 മണിക്കൂറുകള്‍ കൊണ്ട് 3 ലക്ഷം ഐപാഡുകള്‍ വില്‍പന നടന്നപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ ഹാക്കര്‍ ഐപാഡിന്റെ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് ഇതുസംബന്ധിച്ച വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എത്രയും വേഗത്തില്‍ ഐപാഡിനെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാന്‍ ആപ്പിളിന്റെ എഞ്ചിനീയര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെ ശ്രദ്ധിക്കാതെ പോയ സുരക്ഷാ പാളിച്ചയാണ് ഹാക്ക് ചെയ്യല്‍ എളുപ്പമാക്കിയത്. പുതിയ ഉപകരണങ്ങളെ അംഗീകൃതമല്ലാത്ത മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പാകത്തിലാക്കുന്നതിനെ 'ജെയില്‍ബ്രേക്കിംഗ്' എന്നാണ് പറയുക.. ആപ്പിളിന്റെ ഐഫോണും ഐപോഡുമൊക്കെ ഇത്തരത്തില്‍ ജെയല്‍ബ്രേക്കിംഗിന് വിധേയമായിട്ടുണ്ട്. ആ വഴിക്കു തന്നെയാണ് 24 മണിക്കൂറുകൊണ്ട് ഐപാഡുമെത്തിയത്. ജെയില്‍ബ്രേക്ക് ചെയ്ത ഐപാഡില്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ അംഗീകാരമില്ലാത്ത കോഡുകളും, ആപ്പിളിന്റെ സ്റ്റോറുകളിലൂടെയല്ലാതെ ലഭിക്കുന്ന ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. എന്നാല്‍, ഇത്തരം ഐപാഡുകള്‍ക്ക് ആപ്പിളില്‍ നിന്നുള്ള വാറണ്ടി ലഭ്യമാകില്ല. ഐപാഡ് ഇത്ര പെട്ടന്ന് ജെയില്‍ബ്രേക്കിംഗ് ആയതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഐഫോണിലും ഐപാഡിലുമുള്ള ബ്രൗസറായ സഫാരിയുടെ അടിസ്ഥാന കോഡ് ഒന്നുതന്നെയായതാകാം ജെയില്‍ബ്രേക്കിംഗ് എളുപ്പമാക്കിയതെന്നും അവര്‍ കരുതുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. അവലംബം : മാതൃഭൂമി

No comments: