Wednesday, June 2, 2010

60 ദിവസം; 20 ലക്ഷം ഐപാഡുകള്‍

Posted on: 01 Jun 2010

-അനില്‍ ബാബു .എന്‍

മൈക്രോസോഫ്ടിനെ കടത്തിവെട്ടി ലോകത്ത ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയെന്ന സ്ഥാനം ആപ്പിള്‍ കൈവരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അതിനകം ആപ്പിള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡ് വെറും രണ്ടുമാസം കൊണ്ട് 20 ലക്ഷം എണ്ണം വിറ്റുപോയി എന്നതാണ് പുതിയ വാര്‍ത്ത. ഐപാഡ് അമേരിക്കയില്‍ പുറത്തിറങ്ങി ആദ്യമാസത്തിനകം പത്തുലക്ഷം എണ്ണം ചെലവായതായി മുമ്പ് ആപ്പിള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍, ഐപാഡിന്റെ ആഗോളവിപണനം ആരംഭിച്ച സമയത്താണ്, ഏത് കമ്പനിക്കും അസൂയയുളവാക്കുന്ന പുതിയ വിവരം ആപ്പിള്‍ പുറത്തുവിട്ടിരിക്കുന്നത്. ആപ്പിളിന്റെ വൈ-ഫൈ, 3ജി മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ആദ്യം അമേരിക്കയില്‍ പുറത്തിറക്കിയ ഐപാഡ് കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടനില്‍ വില്‍പ്പനയ്‌ക്കെത്തിയത്. ജൂലായില്‍ ഒന്‍പത് രാജ്യങ്ങളില്‍ ഐപാഡ് എത്തും. ഡിമാന്റിനനുസരിച്ച് ഐപാഡ് നിര്‍മിച്ചു നല്‍കാന്‍ ആപ്പിള്‍ കമ്പനി ബുദ്ധിമുട്ടുകയാണ്. ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് തന്നെ പറയുന്നത്, 'ആവശ്യത്തിന് ഐപാഡ് നിര്‍മിക്കാനും ആവശ്യക്കാരുടെയെല്ലാം പക്കല്‍ എത്തിക്കാനും ഞങ്ങള്‍ കഠിനശ്രമം നടത്തുന്നു' എന്നാണ്. 'ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ഐപാഡിന്റെ മാന്ത്രിക അനുഭവിച്ചറിയുകയാണ്'-സ്റ്റീവ് ജോബ്‌സ് പറഞ്ഞു. ഉപഭോക്താക്കളുടെ ക്ഷമയെ തങ്ങള്‍ ശ്ലാഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പേഴ്‌സണല്‍ കമ്പ്യൂട്ടിങില്‍ തന്നെ വിപ്ലവപരമായ പരിവര്‍ത്തനത്തിന് വഴി തുറക്കുന്നതാണ് ഐപാഡിന്റെ വരവെന്നാണ് വിലയിരുത്തല്‍. ഐപാഡിന്റെ വിജയം മറ്റ് ഒട്ടേറെ കമ്പനികളെ ടാബ്‌ലറ്റ് രംഗത്തേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. നോക്കിയ, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം പുതിയ ടാബ്‌ലറ്റുകള്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെല്ലിന്റെ ടാബ്‌ലറ്റ് കഴിഞ്ഞയാഴ്ച ബ്രിട്ടനില്‍ പുറത്തിറങ്ങിയിരുന്നു. അവലബം : മാതൃഭൂമി

No comments: