സെര്‍ച്ച്ഫലത്തില്‍ ഇനി സൈറ്റിന്റെ വേഗവും പ്രതിഫലിക്കും


വിളിച്ചാല്‍ പെട്ടന്നു കിട്ടുന്ന വെബ്ബ്‌സൈറ്റുകള്‍ക്ക് ഇനി ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യേക പരിഗണന. പേജ്‌റാങ്കിങില്‍ സൈറ്റിന്റെ വേഗം കൂടി പരിഗണിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍.

പെട്ടന്ന് വരുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കാനാണ് വെബ്ബ് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ താത്പര്യം എന്നതിനാലാണ്, പേജ്‌റാങ്കിങില്‍ ഇക്കാര്യം കൂടി പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് ഗൂഗിള്‍ അറിയിക്കുന്നു.

സെര്‍ച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകള്‍ അനുസരിച്ച്, അതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ടതെന്ന് റാങ്കുചെയ്യുന്ന ഫലങ്ങളാണ് ഗൂഗിള്‍ ഉപഭോക്താവിന് മുന്നിലെത്തിക്കുന്നത്.

വെബ്ബ്‌പേജിലെ ടെക്സ്റ്റിന്റെ പ്രസക്തിയും, വെറെ എത്ര സൈറ്റുകള്‍ ആ വെബ്ബ്‌പേജിലെ വിവരങ്ങള്‍ വിലപ്പെട്ടതാണെന്ന് കരുതുന്നു എന്നതുമാണ് ഇതുവരെ പേജ്‌റാങ്കിങിന്റെ മുഖ്യ മാനദണ്ഡങ്ങളായി ഗൂഗിള്‍ കണക്കാക്കിയിരുന്നത്.

അതിനൊപ്പം സൈറ്റിന്റെ വേഗം കൂടി ഉള്‍പ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍, പുതിയ പരിഷ്‌ക്കരണം കുറച്ച് വെബ്ബ്‌പേജുകളുടെ റാങ്കിങിനെ മാത്രമേ ബാധിക്കൂ എന്ന് ഗൂഗിള്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ വിശദീകരിച്ചു.

ഇന്റര്‍നെറ്റ് യൂസര്‍ ഒരു സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്കില്‍ ബ്രൗസറില്‍ അതിന്റെ അഡ്രസ്സ് ടൈപ്പ് ചെയ്യുകയോ ചെയ്തു കഴിഞ്ഞ് ആ സൈറ്റ് ലോഡ് ആയി വരാന്‍ എടുക്കുന്ന സമയമാണ് സൈറ്റിന്റെ വേഗമായി കണക്കാക്കുക.

സൈറ്റ് കിട്ടാന്‍ കൂടുതല്‍ സമയമെടുത്താല്‍ പൊതുവെ ആളുകള്‍ ആ സൈറ്റ് സന്ദര്‍ശിക്കുന്നത് കുറയ്ക്കുമെന്ന് ഗൂഗിള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് നയപരമായ ഇത്തരമൊരു മാറ്റമെന്ന്, ബോഗ്‌പോസ്റ്റില്‍ അമിത് സിന്‍ഘാലും മാറ്റ് കട്ട്‌സും വിശദീകരിച്ചു.

തങ്ങളുടെ വെബ്ബ്‌സൈറ്റുകളുടെ വേഗം എത്രയെന്ന് മനസിലാക്കാനുള്ള ചില വെബ്ബ്ടൂളുകളും വെബ്ബ് ഉടമകള്‍ക്ക് ഗൂഗിള്‍ നിര്‍ദേശിക്കുന്നുണ്ട്. പേജ് സ്​പീഡ് (Page Speed), വൈസ്ലോ (YSlow), വെബ്ബ്‌പേജ്‌ടെസ്റ്റ് (WebPagetest) തുടങ്ങിയവ ഉപയോഗിച്ച് സൈറ്റിന്റെ വേഗം കണ്ടെത്താം.

ഈ നയംമാറ്റം ഉണ്ടായെങ്കിലും, പേജ്‌റാങ്കിങിലെ സുപ്രധാന പരിഗണന വെബ്ബ്‌പേജിന്റെ പ്രസക്തി (സെര്‍ച്ചിനനുസരിച്ച്) എന്തുമാത്രം എന്നത് തന്നെയായിരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. വേഗവുമായി ബന്ധപ്പെട്ട് സെര്‍ച്ചിലെ ഒരു ശതമാനം ഫലത്തില്‍ മാത്രമേ മാറ്റം വരാന്‍ സാധ്യതയുള്ളുവെന്നും കമ്പനി വ്യക്തമാക്കുന്നു.


mathrubhumi