40 രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യുന്നു: ഗൂഗിള്‍

ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം ഏറിവരികയാണെന്നും, നിലവില്‍ 40 രാജ്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്നും ഗൂഗിള്‍ വെളിപ്പെടുത്തി. 2002-ല്‍ ഈ പട്ടികയില്‍ വെറും രണ്ടു രാജ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

യൂസര്‍ ഡേറ്റ ചോദിക്കുകയോ, ഓണ്‍ലൈന്‍ വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്ന രാജ്യങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ ആദ്യമായി പുറത്തുവിട്ടു. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ ചൈനയില്‍ നിന്ന് അടുത്തയിടെയാണ് ഗൂഗിള്‍ പിന്‍വാങ്ങിയത്.


ഓണ്‍ലൈന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ ഒന്നാംസ്ഥാനം ബ്രസീലിനാണ്- 3663 തവണയാണ് ബ്രസീല്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്കയാണ് രണ്ടാസ്ഥാനത്ത് -3580 തവണ. ബ്രിട്ടന്‍ 1166 തവണ ആവശ്യം ഉന്നയിച്ച് മൂന്നാംസ്ഥാനത്തെത്തി.

മാത്രമല്ല, ഓണ്‍ലൈന്‍ ഡേറ്റ ഒഴിവാക്കാന്‍ ഏറ്റവുമധികം തവണ ആവശ്യപ്പെട്ട രാജ്യവും ബ്രസീല്‍ തന്നെയെന്ന് ഗൂഗിള്‍ വെളിപ്പെടുത്തുന്നു. 2009 ജൂലായ്-ഡിസംബര്‍ കാലയളവില്‍ ഇത്തരം 291 അഭ്യര്‍ഥനകള്‍ ബ്രസീലിന്റെ ഭാഗത്തു നിന്നുണ്ടായി. രണ്ടാംസ്ഥാനത്ത് ജര്‍മനിയും (188 അഭ്യര്‍ഥനകള്‍), മൂന്നാമത് ഇന്ത്യയും (142), നാലാമത് അമേരിക്ക (123)യുമാണ്.

ഓണ്‍ലൈന്‍ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഓണ്‍ലൈനില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനുദ്ദേശേച്ച് നിലവില്‍ വന്ന 'ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഇനിഷ്യേറ്റീവ്' എന്ന കൂട്ടായ്മയില്‍ ഗൂഗിളും അംഗമാണ്. യാഹൂ, മൈക്രോസോഫ്ട് എന്നിവയും ഇതില്‍ അംഗങ്ങളാണ്.

ഓണ്‍ലൈന്‍ സെന്‍സറിങുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭ്യര്‍ഥനകളില്‍ ബഹുഭൂരിപക്ഷവും നിയമപരമായ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായോ, കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലം നീക്കം ചെയ്യാനോ ഉള്ളവയാണെന്ന് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രുമ്മോണ്ട് പറഞ്ഞു.

'സുതാര്യത ഏറുമ്പോള്‍ സെന്‍സര്‍ഷിപ്പ് കുറഞ്ഞു വരും എന്നാണ് ഞങ്ങളുടെ വിശ്വാസം'-ഡ്രുമ്മോണ്ട് അറിയിച്ചു. ഇക്കാര്യത്തില്‍ കമ്പനികളും വ്യക്തികളും ഭരണകൂടങ്ങളും എന്തെങ്കിലും ചെയ്തില്ലെങ്കില്‍, ഇന്റര്‍നെറ്റ് കൂടുതല്‍ കൂടുതല്‍ നിയന്ത്രിക്കപ്പെടുന്ന ഒരിടമായി മാറും -അദ്ദേഹം മുന്നറിയിപ്പു നല്‍കി.