Friday, June 4, 2010

സിഡിയുടെ ആയുസ്സെത്ര?

Posted on: 03 Jun 2010 -എം.ബഷീര്‍ നമ്മുടെ വിലപ്പെട്ടതും അമൂല്യവുമായ ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളുമൊക്കെ സൂക്ഷിച്ചു വെക്കുന്ന സി ഡികളുടെയും ഡി വി ഡികളുടെയുമൊക്കെ ആയുസ്സെത്രയാണ്? അടക്കം ചെയ്തിരിക്കുന്ന വിവരങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ വരെ നാശം സംഭവിക്കില്ലെന്ന അവകാശവാദവുമായി നിര്‍മിക്കപ്പെട്ടിരിക്കുന്ന സി ഡികളുടെയും ഡി വി ഡികളുടെയുമൊക്കെ യഥാര്‍ത്ഥ ആയുസ്സെത്ര? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേക്കാണ്. അപൂര്‍വ്വം ഡിസ്‌കുകള്‍ മാത്രമേ പത്തു വര്‍ഷത്തെ കാലാവധിയെങ്കിലും തികയ്ക്കൂവെന്നാണ് ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫൊര്‍ സയന്റിഫിക് റിസര്‍ച്ച് നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നത്.സി ഡി, ഡി വി ഡി തുടങ്ങിയവ എല്ലായ്‌പ്പോഴും കുറച്ചു കാലത്തേക്ക് മാത്രം വിവരങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ളതാണ് എന്നാണ് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ലാലോ പറയുന്നത്. കാരണം അവയില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ പലപ്പോഴും ഒരു വര്‍ഷത്തോളം മാത്രമേ നിലനില്‍ക്കൂ- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സി ഡികള്‍ക്ക് കൃത്രിമ കാലപ്പഴക്കമുണ്ടാക്കിയാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്മാര്‍ സി ഡി കളില്‍ പരിശോധന നടത്തിയത്. ചൂടും ജലകണങ്ങളും പ്രകാശവുമൊക്കെ പതിപ്പിച്ചാണ് സിഡികളെ 'പ്രായംചെന്നതാ'ക്കിയത്. ഒരേ ബ്രാന്‍ഡിലുള്ള സിഡികള്‍ക്ക് തന്നെ ആയുസ്സ് പല തരത്തിലാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി കൂടുതല്‍ പണം ചെലവാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം നിര്‍മാതാക്കള്‍ അവരുടെ ലോഗോകള്‍ കൂടി സി ഡിക്കും ഡി വി ഡിക്കുമൊക്കെ പുറത്ത് പതിപ്പിക്കുമ്പോള്‍ ഡിസ്‌കില്‍ റൈറ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ കറപ്റ്റ് ആകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, അമൂല്യമായ വിവരങ്ങള്‍ ഡിസ്‌കുകളിലാക്കി സൂക്ഷിക്കുമ്പോള്‍, ഒരു വര്‍ഷം കഴിയുമ്പോഴെങ്കിലും അതു മറ്റൊരു ഡിസ്‌കിലേക്ക് പകര്‍ത്തി സൂക്ഷിക്കണം. അവലഭം :മാതൃഭൂമി

No comments: