Wednesday, June 2, 2010

3 ജി: സര്‍ക്കാരിന് ലഭിച്ചത് 67,719 കോടി രൂപ

Posted on: 02 Jun 2010

ന്യൂഡല്‍ഹി: 3 ജി സ്‌പെക്ട്രം ലേലത്തിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 67,719 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഉള്‍പ്പെടെ ഒമ്പത് ടെലികോം സേവനദാതാക്കള്‍ ചേര്‍ന്നാണ് ഇത്രയും തുക നല്‍കിയിട്ടുള്ളത്. ഏറ്റവുമധികം തുക നല്‍കിയത് ഭാരതി എയര്‍ടെല്ലാണ്. 13 സര്‍ക്കിളുകളില്‍ 3 ജി സൗകര്യമൊരുക്കുന്നതിനായി 12,295.46 കോടി രൂപയാണ് അവര്‍ നല്‍കിയത്. ഒമ്പത് സര്‍ക്കിളുകളിലേക്കായി 11,617.86 കോടി രൂപ നല്‍കിയ വോഡാഫോണാണ് രണ്ടാംസ്ഥാനത്ത്. ഡല്‍ഹിയും മുംബൈയും ഒഴികെയുള്ള സര്‍ക്കിളുകളിലേക്കായി ബിഎസ്എന്‍എല്‍ 10,186.56 കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കി. മെയ് 31 ആയിരുന്നു പണമടയ്‌ക്കേണ്ട അവസാന തീയതി. 13 സര്‍ക്കിളുകളിലേക്കായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 8,585.04 കോടി രൂപ അടച്ചു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രം സര്‍വീസുള്ള എംടിഎന്‍എല്‍ 6,564 കോടി രൂപ നല്‍കി. ടാറ്റ ടെലിസര്‍വീസസ് 5,864.29 കോടി രൂപ ഒമ്പത് സര്‍ക്കിളുകള്‍ക്കായി നല്‍കി. 13 സര്‍ക്കിളുകളിലേക്കായി എയര്‍സെല്‍ 6,500 കോടി നേരത്തെ നല്‍കിയിരുന്നു. എസ്. ടെല്ലും തുക അടച്ചിട്ടുണ്ട്. ഈ വന്‍തുകയുടെ ഇടപാട് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലും അലകളുണ്ടാക്കി. ടെലികോം സേവനദാതാക്കള്‍ ആകെ 45,000 കോടിയിലേറെ രൂപയാണ് ലേലഫീസ് അടയ്ക്കുന്നതിനായി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. 3 ജി, ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രം എന്നിവയുടെ ലേലത്തിലൂടെ 35,000 കോടി രൂപ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രം ലേലം നടന്നുകൊണ്ടിരിക്കുകയാണ്. ലേലത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനായി ഈ വര്‍ഷം സപ്തംബറില്‍ സ്‌പെക്ട്രം അനുവദിക്കും. അവലംബം : മാതൃഭൂമി അനില്‍

No comments: